Latest Updates

കൊച്ചി: പൊന്നിന്‍ ചിങ്ങമാസത്തിലെ ഓണത്തെ വരവേല്‍ക്കാനൊരുങ്ങി മലയാളനാട്. ഓണത്തിന് പൂവിളിയുയര്‍ത്തി അത്തം നാളെ. ഓണാഘോഷത്തിന് തുടക്കം കുറിക്കുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര നാളെ നടക്കും. ഓണമെത്തിയതോടെ സംസ്ഥാനത്തെമ്പാടും പൂക്കച്ചവട വിപണിയും സജീവമായി. അത്തച്ചമയ ഘോഷയാത്രയ്ക്ക് മുന്നോടിയായി തിങ്കളാഴ്ച വൈകീട്ട് ഹില്‍പ്പാലസില്‍ നടക്കുന്ന ചടങ്ങില്‍ കൊച്ചി രാജകുടുംബ പ്രതിനിധിയില്‍ നിന്നും തൃപ്പൂണിത്തുറ നഗരസഭ ചെയര്‍പേഴ്‌സണ്‍ രമ സന്തോഷ് അത്തപ്പതാക ഏറ്റുവാങ്ങും. അത്തം നഗറായ തൃപ്പൂണിത്തുറ ബോയ്‌സ് സ്‌കൂള്‍ മൈതാനിയില്‍ നാളെ രാവിലെ 9 ന് മന്ത്രി എംബി രാജേഷ് അത്താഘോഷം ഉദ്ഘാടനം ചെയ്യും. കെ ബാബു എംഎല്‍എ അധ്യക്ഷനായിരിക്കും. മന്ത്രി പി രാജീവ് അത്തപ്പതാക ഉയര്‍ത്തും. നടന്‍ ജയറാം ഘോഷയാത്ര ഫ്‌ലാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് 9.30 ന് അത്തം ഘോഷയാത്ര ആരംഭിക്കും. നഗംര ചുറ്റിയശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെ തിരികെ ബോയ്‌സ് ഹൈസ്‌കൂള്‍ മൈതാനിയിലേക്ക് ഘോഷയാത്ര എത്തിച്ചേരും. വാദ്യമേളങ്ങള്‍, നാടന്‍ കലാരൂപങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍ തുടങ്ങിയവ ഘോഷയാത്രയ്ക്ക് പൊലിമയേറ്റും. അത്താഘോഷത്തോടനുബന്ധിച്ച് വിവിധ കലാമത്സരങ്ങളും ആരംഭിച്ചിട്ടുണ്ട്.

Get Newsletter

Advertisement

PREVIOUS Choice